കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയത് പുരുഷന്റെ അസ്ഥികൂടം
Thursday, February 29, 2024 12:17 PM IST
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വാട്ടർടാങ്കിനുള്ളൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേത്. ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അസ്ഥികൂടത്തോടൊപ്പം തൊപ്പി, ടൈ, റീഡിംഗ് ഗ്ലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഏറെ കാലമായി ഉപയോഗശൂന്യമായ വാട്ടർടാങ്കിൽ ആരെങ്കിലും ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സമീപപ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്ടർടാങ്കിന് 20 അടിയോളം താഴ്ചയുണ്ട്. പോലീസും അഗ്നിശമന സേനയും ഫോറൻസിക് സംഘവും ടാങ്കിനുള്ളിൽ ഇറങ്ങിയിരുന്നു. ബുധനാഴ്ചയാണ് ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാർട്ട്മെന്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്.