തിരുവനന്തപുരത്ത് ലഹരി വേട്ട; മൂന്നുപേർ പിടിയിൽ
Thursday, February 29, 2024 5:46 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് നിരോധിത ലഹരിവസ്തുക്കളുമായി മൂന്നുപേർ പിടിയിൽ. നെടുമങ്ങാട് സ്വദേശികളായ സുനീര്‍ ഖാന്, അരവിന്ദ് എന്നിവരെ കവടിയാര്‍ നിന്നും ആനാട് സ്വദേശി അരുണ്‍ എന്ന യുവാവിനെ നെടുമങ്ങാട് നിന്നുമാണ് എക്സൈസ് പിടികൂടിയത്.
2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവയാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. തിരുവനന്തപുരം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലും എക്സൈസ് കഞ്ചാവ് പിടിച്ചെടുത്തു. പത്ത് കിലോ കഞ്ചാവാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ സമീപത്തുനിന്ന് കണ്ടെത്തിയത്. സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.