അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ്: അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും
Friday, March 1, 2024 12:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേനീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.
വ്യക്തിപരമായി പരാതിയുള്ളവർക്ക് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇനി അഥവാ സർക്കാരാണ് സമീപിക്കുന്നതെങ്കിൽ പത്ത് ദിവസത്തിനകം ട്രിബ്യൂണൽ തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാരും ഏതാനും അധ്യാപകരും നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പൊതുസ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നൽകണമെന്ന് ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. ഇത് പരിഗണിക്കാതെയായിരുന്നു പൊതുസ്ഥലം മാറ്റ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്.