സിദ്ധാര്ഥന്റ മരണം; ഒരാൾക്കൂടി കീഴടങ്ങി
Friday, March 1, 2024 6:06 PM IST
വയനാട്: മർദനത്തെ തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഒരാൾക്കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീൻ അക്ബർ അലി വെള്ളിയാഴ്ച കൽപ്പറ്റാ കോടതിയിൽ കീഴടങ്ങി.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. ഇനി ഏഴുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ആത്മഹത്യാ പ്രേരണ, മർദനം, റാഗിംഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.സർവകലാശാലയിലെ റാഗിംഗ് വിരുദ്ധ സമിതിയിലെ വിദ്യാർഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുൺ. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഡാലോചന ശരിവക്കുന്ന തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്.
കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ സിദ്ധാർഥ് ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പോലീസിൽ മൊഴി നൽകിയിരുന്നു.സിദ്ധാർഥിന്റെ വീട്ടിൽ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി.