ഇടവേളയ്ക്ക് വിട; രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനരാരംഭിക്കും
Saturday, March 2, 2024 9:56 AM IST
ജോധ്പുര്‍: അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനരാരംഭിക്കും. രാജസ്ഥാനിലെ ധോല്‍പുരില്‍ നിന്നാണ് യാത്ര പുനരാരംഭിക്കുന്നത്. രാജസ്ഥാനില്‍ തുടങ്ങി മധ്യപ്രദേശിലൂടെ യാത്ര തുടരും.
യാത്ര ഉച്ചയ്ക്ക് 1.30ന് മധ്യപ്രദേശിലെ മൊറേനയില്‍ പ്രവേശിക്കും. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിത്തു പട്വാരി, മുതിര്‍ന്ന നേതാക്കളായ കമല്‍നാഥ്, ദിഗ്വിജയ് സിംഗ് അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കും.
രാഹുല്‍ ഗാന്ധിക്ക് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ രണ്ട് പ്രത്യേക പ്രഭാഷണങ്ങള്‍ നടത്താനും ന്യൂഡല്‍ഹിയിലെ പ്രധാന യോഗങ്ങളില്‍ പങ്കെടുക്കാനുമായിട്ട് ഫെബ്രുവരി 26 മുതല്‍ ഈ മാസം ഒന്നുവരെ ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരുന്നു. ജനുവരി 14-ന് മണിപ്പുരില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.