യുഎഇയില്‍ മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം
Saturday, March 9, 2024 12:02 PM IST
ദുബായി: യുഎഇയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കനത്തമഴ തുടരുന്നു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാജ്യത്തെ മിക്കയിടങ്ങളിലും ശക്തമായ മഴയുണ്ടകുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുരന്തനിവാരണ അഥോറിറ്റിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം എല്ലാ മസ്ജിദിലും കാലാവസ്ഥ മുന്നറിയിപ്പ് വായിച്ചിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ അബുദബിയിലും അല്‍ഐനിലും മഴ ആരംഭിച്ചിരുന്നു. അല്‍ ഐന്‍, നാഹില്‍ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എമിറേറ്റിലെ അബ്രാകളും വാട്ടര്‍ ടാക്സികളും ഫെറികളുടേയും സേവനം താത്കാലികമായി നിര്‍ത്തിവെച്ചതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. കനത്ത മഴയും ഇടിമിന്നലും ഉണ്ടായ സാഹചര്യത്തില്‍ ദുബായിയില്‍ കടല്‍ ഗതാഗതവും നിര്‍ത്തിവച്ചു.
ആളുകളോട് വീടുകളില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സഞ്ചാരികള്‍ക്കും സവാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ശക്തമായ കാറ്റു വീശുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രതപീലര്ത്തണം. വിമാന യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്. സ്വകാര്യമേഖലയില്‍ ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.
കനത്തമഴയെ തുടര്‍ന്ന് അബുദാബി ക്ഷേത്രത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്ലോബല്‍ വില്ലേജില്‍ വെടിക്കെട്ട് നിര്‍ത്തിവെച്ചു.