ഗവർണർ വഴങ്ങി; കെ.പൊന്മുടി മന്ത്രിയായി അധികാരമേറ്റു
Friday, March 22, 2024 4:47 PM IST
ചെന്നൈ: സുപ്രീംകോടതിയുടെ വിമർശനത്തിനു പിന്നാലെ തമിഴ്നാട് ഗവർണർ ആർ.എൻ.രവി പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രിയായി അദ്ദേഹം സ്ഥാനവും ഏറ്റെടുത്തു.
സർക്കാരുമായി ഏറെക്കാലമായി തർക്കത്തിലായിരുന്ന ഗവർണർ പൊന്മുടിയെ അഭിനന്ദിക്കുകയും മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി. ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിട്ടും പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാത്ത ഗവർണറുടെ നടപടിയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായിവിമര്ശിച്ചിരുന്നു.
കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിര്‍ദേശം തള്ളിയ ഗവര്‍ണര്‍ ആര്.എന്‍.രവിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്കാന് ഗവര്‍ണറോട് കോടതി നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാൽ ഗവർണർ ഈ കത്ത് തള്ളിയതോടെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മദ്രാസ് ഹൈക്കോടതി മൂന്നു വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടര്‍ന്ന് എംഎല്‍എ പദവിയില്‍നിന്ന് അയോഗ്യനാക്കി. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് പിന്നീട് സുപ്രീംകോടതി തടയുകയായിരുന്നു.