കരുവന്നൂരില്‍ ഇഡി രാഷ്ട്രീയവിരോധം തീര്‍ക്കുന്നു, അറസ്റ്റുണ്ടായാല്‍ നേരിടും: എം.കെ.കണ്ണന്
Tuesday, April 2, 2024 9:41 AM IST
തൃശൂര്‍: കരുവന്നൂര്‍ വഴി സിപിഎമ്മിനെതിരേ ഇഡി നീക്കം നടത്തുന്നെന്ന് സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണന്. ഇഡി രാഷ്ട്രീയവിരോധം തീര്‍ക്കുകയാണെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണവിധേയനായ കണ്ണന് പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇഡിയുടെ നീക്കം. അറസ്റ്റ് ഉണ്ടായാല്‍ അതിനെ നേരിടും. സ്വേച്ഛാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. ഏകാധിപത്യ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു മുഖ്യമന്ത്രിയെ പിടിച്ചുകൊണ്ടുപോയിട്ട് എത്ര ദിവസമായി.
എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ അധികാരത്തില്‍ വന്നാല്‍ ഇതിലപ്പുറവും സംഭവിക്കും. ഇതുകൊണ്ടൊന്നും തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു ഗുണവും ഉണ്ടാകില്ല.
സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ല. എല്ലാം പരസ്യമാണ്. ഒളിച്ചുവയ്ക്കാന്‍ തങ്ങള്‍ക്ക് ഒന്നുമില്ല. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.