മൂര്‍ക്കനാട് ഉത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്ത്; ഒരാള്‍ക്കൂടി മരിച്ചു
Friday, April 5, 2024 9:09 AM IST
തൃശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്കൂടി മരിച്ചു. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന് സന്തോഷ് (40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.
കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘം ചേര്‍ന്ന് ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
മറ്റ് നാല് പേര് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കേസിലെ പ്രധാന പ്രതികള്‍ ഇതുവരെ പിടിയിലായിട്ടില്ല. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളാണെന്നാണ് വിവരം.
ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ടായ സംഘര്‍ഷമാണ് ഉത്സവത്തിനിടെ കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.