കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പിടിയിൽ
Thursday, April 11, 2024 6:14 AM IST
ന്യൂഡൽഹി: നാഗ്ലോയി പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പിടിയിൽ. ഇവരിൽ നിന്നും രണ്ട് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു. ഡൽഹി സ്വദേശികളായ ഗുർമീത് സിംഗ് (41), ഇയാളുടെ ഭാര്യ ഹസ്മീത് കൗർ (37), മറിയം (30), നൈന (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വിവിധ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് കുട്ടികളെ വാങ്ങുകയും പിന്നീട് കൂടുതൽ പണത്തിന് വിൽക്കുകയുമായിരുന്നു ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങൾക്ക് ഏകദേശം 15-20 ദിവസം പ്രായമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പഞ്ചാബിൽ നിന്നും വാങ്ങിയ ഈ പെൺകുഞ്ഞുങ്ങളെ യുപിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ആവശ്യക്കാരെ കണ്ടെത്താനായില്ല. അതിനാൽ, അവർ കുഞ്ഞുങ്ങളെ ഡൽഹിയിലേക്ക് കൊണ്ടുവന്ന് വിൽക്കാൻ ശ്രമിച്ചുവെങ്കിലും ഇതിനിടെ അറസ്റ്റിലാകുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.
പ്രതികൾക്കെതിരെ എഫ്ഐആർ രജസ്റ്റർ ചെയ്തു. ചോദ്യം ചെയ്യലിൽ ചണ്ഡീഗഢിൽ മൂന്ന് മാസം പ്രായമുള്ള മറ്റൊരു പെൺകുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വിറ്റതായി പ്രതികൾ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ഈ കുട്ടിയെ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.