മാസപ്പടിക്കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ വിധി പറയുന്നത് 19ലേക്കു മാറ്റി
Friday, April 12, 2024 12:45 PM IST
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎൽഎ നല്കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഈമാസം 19ന് വിധിപറയും. വിധിപ്പകർപ്പ് തയാറാക്കി കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പറയുന്നത് മാറ്റിയത്.
കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി പിന്നീട് പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യത്തില്‍ നിന്നും മാത്യു കുഴല്നാടന് പിന്മാറിയിരുന്നു.
കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നായിരുന്നു കുഴല്‍നാടന്റെ അഭിഭാഷകന് ആവശ്യപ്പെട്ടത്. ഇതോടെ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നില്ക്കൂ എന്ന് കോടതി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നിലപാട് മാറ്റത്തിലൂടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമെന്ന് വ്യക്തമായെന്നും ഹര്‍ജി തള്ളണമെന്നും വിജിലന്‍സിന്റെ പ്രോസിക്യൂട്ടർ കോടതിയില്‍ ആവശ്യപ്പെട്ടു. തുടർന്ന് ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഇന്ന് കോടതി പരിഗണിച്ചത്. ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.