വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: ഒന്നാംപ്രതി രൂപേഷിന് 10 വർഷം തടവും പിഴയും
Friday, April 12, 2024 2:34 PM IST
കൊച്ചി: വയനാട് വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ ഒന്നാംപ്രതി രൂപേഷ് അടക്കം നാലു പ്രതികള്‍ക്കും തടവുശിക്ഷ. ഒന്നാം പ്രതി രൂപേഷിന് 10 വർഷം തടവും വിവിധ വകുപ്പുകളിലായി രണ്ടേകാൽ ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. കൊച്ചിയിലെ എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്.
നാലാംപ്രതി കന്യാകുമാരിക്ക് ആറ് വർഷം തടവും 1.54 ലക്ഷം രൂപ പിഴയും വിധിച്ചു. ഏഴാം പ്രതി അനൂപിന് എട്ടുവർഷം തടവും 60,000 രൂപ പിഴയുമാണ് വിധിച്ചത്. എട്ടാം പ്രതി ബാബു ഇബ്രാഹിമിന് ആറുവർഷം തടവും 40,000 രൂപ പിഴയും വിധിച്ചു. നാല് പ്രതികളും കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതി രൂപേഷേ് ഒഴികെയുള്ള പ്രതികളുടെ വിചാരണ തടവ് കാലം ശിക്ഷയിൽ പരിഗണിക്കുമെന്നതിനാൽ ഉടൻ പുറത്തിറങ്ങാനാകും. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള കുറ്റങ്ങളും യുഎപിഎ നിയമ പ്രകാരമുള്ള കുറ്റങ്ങളും കോടതിയില്‍ തെളിഞ്ഞിരുന്നു. അനൂപിനും, ബാബു ഇബ്രാഹിമിനുമെതിരേ തീവ്രവാദ സംഘടനയില്‍ അംഗമായതിനും, സഹായം ചെയ്തതിനും യുഎപിഎ നിയമത്തിലെ 38, 39 വകുപ്പുകള്‍ മാത്രമാണ് തെളിഞ്ഞത്.
2014 ല്‍ വയനാട് വെള്ളമുണ്ടയില്‍ സിവിൽ പോലീസ് ഓഫീസർ പ്രമോദിന്റെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വാഹനം കത്തിക്കുകയും മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നുമാണ് കേസ്. എട്ടുപ്രതികളുള്ള കേസില്‍ മൂന്നുപേര്‍ പിടിയിലാകാനുണ്ട്. ഒരാളെ മാപ്പുസാക്ഷിയാക്കിയിരുന്നു.