ബിജെപിയുടെ കേരളത്തിലെ താരപ്രചാരകൻ മുഖ്യമന്ത്രി പിണറായി വിജയൻ: എം.എം. ഹസൻ
Friday, April 12, 2024 11:09 PM IST
തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ തിളങ്ങി നിൽക്കുകയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ. നരേന്ദ്രമോദി ഇവിടേക്ക് വന്നില്ലെങ്കിലും കുഴപ്പമില്ല. അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ തന്നെയാണ് പിണറായി വിജയൻ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും ഹസൻ പരിഹസിച്ചു.
വൻ സ്വീകാര്യത നേടിയ കോൺഗ്രസ് പ്രകടന പത്രികയെ ജിന്നാ ലീഗിന്റെ മുദ്രയെന്നാണ് മോദി വിശേഷിപ്പിച്ചത്. പിണറായി വിജയൻ മോദിയേക്കാൾ വർഗീയത ചേർത്തു പറഞ്ഞ് പ്രകടന പത്രികയെ എതിർക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നരേന്ദ്രമോദിയുടെ പ്രീതി സമ്പാദിക്കുകയെന്നതാണ് ഇതിലൂടെ പിണറായി ലക്ഷ്യമിടുന്നത്. അതിന്റെ കാരണമെന്തെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതിനാൽ ആവർത്തിക്കുന്നില്ലെന്നും ഹസൻ വ്യക്തമാക്കി.