ട്രെയിനിൽ നിന്നും നാലുകോടി പിടികൂടിയ സംഭവം; നൈനാർ നാഗേന്ദ്രൻ ഉൾപ്പടെ മൂന്നുപേർക്ക് സമൻസ്
Monday, April 15, 2024 12:21 AM IST
ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനിൽ നിന്നും നാലുകോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ തിരുനെൽവേലിയിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ ഉൾപ്പടെ നാലുപേർക്ക് സമൻസ്.
തെരഞ്ഞെടുപ്പിന് ശേഷം ഹാജരാകാൻ താംബരം പോലീസ് നിർദേശിച്ചു. ബിജെപി സംസ്ഥാന വ്യവസായ സെൽ അധ്യക്ഷൻ ഗോവർധനും സമൻസ് നൽകിയിട്ടുണ്ട്.
സംഭവത്തിൽ പിടിയിലായവർ ട്രെയിൻ യാത്രയ്ക്കുള്ള എമർജൻസി ക്വാട്ടയ്ക്കായി അപേക്ഷ നൽകിയത് നൈനാരുടെ ലെറ്റർപാഡിലാണ്. സ്റ്റേഷനിലേക്ക് പോകും മുൻപ് മൂവരും നൈനാരുടെ ഹോട്ടലിൽ തങ്ങിയതും നൈനാറുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നതുമാണ് പോലീസിൽ സംശയമുണ്ടാക്കുന്നത്.
കൂടാതെ, അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും പോലീസ് പറഞ്ഞു.