ഹോസ്റ്റൽ കെട്ടിടത്തിൽ തീപിടിത്തം; എട്ട് വിദ്യാർഥികൾക്ക് പരിക്ക്
Monday, April 15, 2024 5:24 AM IST
ജയ്പുർ: കോട്ടയിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് എട്ട് വിദ്യാർഥികൾക്ക് പരിക്ക്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാനുള്ള കാരണം.
ലക്ഷ്മൺ വിഹാറിലെ ആദർശ് റെസിഡൻസി ഹോസ്റ്റലിലാണ് സംഭവം നടന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഹോസ്റ്റൽ അടച്ചുപൂട്ടാൻ കോട്ട ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
അഗ്നി സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതിന് കോട്ട-സൗത്ത്, കോട്ട-നോർത്ത് എന്നിവിടങ്ങളിലെ 2,200 ഓളം ഹോസ്റ്റലുകൾക്ക് ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഈ ഹോസ്റ്റലുകൾക്കെതിരെ നടപടി ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ അഞ്ച് നിലകളുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ട്രാൻസ്ഫോർമറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. ഫോറൻസിക് സംഘം കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്ന് പോലീസ് പറഞ്ഞു.