സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പ്; മൂന്നുപേർ കസ്റ്റഡിയിൽ
Monday, April 15, 2024 7:44 AM IST
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ആക്രമികൾക്ക് വാഹനവും സഹായവും നൽകിയവരാണ് പിടിയിലായതെന്നാണ് സൂചന.
വെടിവച്ചത് രാജസ്ഥാൻ സ്വദേശി വിശാലും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണെന്നും പോലീസിന് വിവരം ലഭിച്ചു. എന്നാൽ പ്രതികൾ സംഭവത്തിന് പിന്നാലെ മുംബൈ വിട്ടുവെന്നാണ് വിവരം.
ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചോടെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. സംഭവ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നുവെന്നു.
അക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്നാണ് മുംബൈ പോലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെയും ഇതേ സംഘത്തിന്റെ ഭീഷണി സൽമാൻ ഖാന് നേരെയുണ്ടായിരുന്നു.