മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷിക്കണമെന്ന് സുപ്രീംകോടതി
Thursday, April 18, 2024 1:39 PM IST
ന്യൂഡല്‍ഹി: കാസര്‍ഗോട്ടെ മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് പോയെന്ന പരാതിയില്‍ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്കി.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വിവി പാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഇതിനിടെയാണ് കാസര്‍ഗോട്ടെ മോക്പോളില്‍ ബിജെപിയുടെ ചിഹ്നത്തില്‍ അമര്‍ത്താതെ തന്നെ ബിജെപിക്ക് വോട്ട് പോയെന്ന പരാതി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഗുരുതരമായ വിഷയമാണിതെന്ന് കോടതി നിരീക്ഷിച്ചു. കാസര്‍ഗോട്ട് എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. വോട്ടിംഗ് സുതാര്യമായി നടക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചതെന്നത് സംബന്ധിച്ച വിശദമായ സത്യവാംഗ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്കി.
കാസര്‍ഗോട്ട് ബുധനാഴ്ച നടന്ന മോക്പോളിലാണ് ബിജെപിക്ക് അധികമായി വോട്ടു ലഭിച്ചത്. നാല് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക്പോള്‍ നടത്തിയപ്പോള്‍ ഓരോ വോട്ടുകള്‍ ബിജെപിക്ക് അധികമായി പോയെന്നാണ് പരാതി.
തുടര്‍ന്ന് കാസര്‍ഗോട് ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്, സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവരുടെ ഏജന്റുമാർ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.