ചെയ്യാത്ത മോഷണക്കുറ്റത്തിനു ശിക്ഷ അനുഭവിച്ച ഡ്രൈവർ ജീവനൊടുക്കി
Friday, April 19, 2024 7:11 AM IST
കൊല്ലം: കള്ളനെന്നാരോപിച്ച് ജയിൽ ശിക്ഷയ്ക്ക് വിധേയനായ പ്രതി ജീവനൊടുക്കി. അഗസ്ത്യക്കോട് സ്വദേശി രതീഷ് ഭവനിൽ രതീഷ് (38) ആണ് മരിച്ചത്. വർഷങ്ങൾക്കു ശേഷം ഇയാൾക്കു മേൽ ആരോപിക്കപ്പെട്ട കേസിലെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.
പോലീസിന്റെ ഭാഗത്തു നിന്ന് കടുത്ത ശാരീരിക ഉപദ്രവം രതീഷ് നേരിട്ടിരുന്നു. കേസിന്റെ ആവശ്യങ്ങൾക്കായ് പണം ചെലവഴിച്ച് സാമ്പത്തികമായി ഇയാൾ തകർന്നിരുന്നതായും കുടുംബം ആരോപിക്കുന്നു.
2014 ൽ ആണ് ഇയാൾക്കെതിരെയുള്ള കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടന്ന മോഷണമാണ് ഇയാൾക്കു മേൽ ആരോപിക്കപ്പെട്ടത്. ടൗണിൽ ഓട്ടോ ഓടിച്ചിരുന്ന രതീഷ് ആണ് പ്രതിയെന്ന് ആരോപിച്ച് പോലീസ് ഇയാളെ അറസ്റ്റുചെയ്ത് നടപടി സ്വീകരിക്കുകയായിരുന്നു.
തുടർന്ന് ഇയാൾക്കെതിരേ തെളിവുകൾ ഉണ്ടാക്കി കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് മാസങ്ങളോളം റിമാൻഡിലും കഴിയേണ്ടിവന്നു. കടുത്ത മർദനമാണ് പോലീസ് കസ്റ്റഡിയിൽ ഇയാൾക്ക് ഏൽക്കേണ്ടി വന്നത്.