കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
Saturday, April 20, 2024 11:17 AM IST
കണ്ണൂര്‍: കണ്ണൂരിൽ വീട്ടിലെ വോട്ട് സംവിധാനത്തിൽ കള്ളവോട്ട് നടന്നെന്ന എല്‍ഡിഎഫിന്റെ പരാതിയില്‍ നടപടി. പോളിംഗ് ഓഫീസറെയും ബിഎല്‍ഒയെയും സസ്പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറാണ് നടപടിയെടുത്തത്.
കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒയായ ഗീത ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. കണ്ണൂര്‍ മണ്ഡലത്തില്‍ കെ.കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി.കമലാക്ഷി എന്ന വ്യക്തി വോട്ട് ചെയ്തെന്നാണ് ആക്ഷേപം.
86 വയസുകാരിയായ കെ.കമലാക്ഷിയാണ് വീട്ടിലെ വോട്ടിന് അപേക്ഷിച്ചിരുന്നത്. ബൂത്ത് പരിധിയിലെ അങ്കണവാടി ടീച്ചർ കൂടിയായ ഗീതയാണ് ഇവരുടെ പേര് ചേര്‍ത്തിരുന്നത്.
എന്നാല്‍ യഥാര്‍ഥ വോട്ടറെക്കൊണ്ട് വോട്ട് ചെയ്യിക്കാതെ വി.കമലാക്ഷി എന്ന മറ്റൊരാളെക്കൊണ്ട് ഇവര്‍ വോട്ട് ചെയ്യിച്ചെന്നാണ് പരാതി. പോളിംഗ് ഉദ്യോഗസ്ഥരുമായി വ്യാജ വോട്ടറുടെ വീട്ടിലെത്തിച്ച് വോട്ട് രേഖപ്പെടുത്തിയത് ഗീത ഇടപെട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പരാതി നൽകിയത്.