പെരുമാറ്റച്ചട്ട ലംഘനം: ഡി.കെ.ശിവകുമാറിനും കുമാരസ്വാമിക്കും വിജയേന്ദ്രക്കുമെതിരെ കേസ്
Saturday, April 20, 2024 7:02 PM IST
ബംഗളൂരു: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടംലംഘിച്ചെന്ന പരാതിയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ബംഗളൂരു ആർആർ നഗറിൽ മത്സരിക്കുന്ന ഡി.കെ.സുരേഷിന് വോട്ട് ചെയ്താൽ വെള്ളവും താമസ സർട്ടിഫിക്കറ്റും തരാമെന്ന് പ്രചാരണ സമയത്ത് ഡി.കെ.ശിവകുമാർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിൽ പരാതി നൽകിയത്.
ഗ്യാരന്റികളിൽപ്പെട്ട് കർണാടകയിലെ സ്ത്രീകൾ വഴി തെറ്റിയെന്ന കുമാരസ്വാമിയുടെ പരാമർശമാണ് അദ്ദേഹത്തിനെതിരായ കേസ്. കോൺഗ്രസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ എക്സിൽ നടത്തിയതിനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്രയ്ക്ക് എതിരെ കേസെടുത്തത്.
മൂന്നുപേർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കേസ് എടുത്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.