മൊറാദാബാദിലെ ബിജെപി സ്ഥാനാർഥി അന്തരിച്ചു
Sunday, April 21, 2024 1:03 AM IST
ലക്നോ: മൊറാദാബാദിലെ ബിജെപി സ്ഥാനാർഥി സർവേഷ് സിംഗ് (72) അന്തരിച്ചു. ദീർഘകാലമായ അസുഖ ബാധിതനായിരുന്ന അദ്ദേഹം ശനിയാഴ്ച വൈകിട്ട് 6.30ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിലാണ് മരിച്ചത്.
ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആദ്യഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. വെള്ളിയാഴ്ച പോളിംഗ് നടന്ന് ഒരു ദിവസം തികയും മുൻപാണ് സ്ഥാനാർഥിയുടെ മരണം. അനാരോഗ്യം കാരണം സ്ഥാനാർഥി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും പങ്കെടുത്തിരുന്നില്ല. മറ്റ് നേതാക്കളും പ്രവർത്തകരുമാണ് മണ്ഡലത്തിൽ സർവേഷ് സിംഗിനായി വോട്ട് തേടിയത്.
ഇതോടെ മൊറാദാബാദിൽ സർവേഷ് സിംഗ് വിജയിച്ചാൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമെന്ന് വ്യക്തമായി. പ്രമുഖ വ്യവസായി കൂടിയായ അദ്ദേഹം അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സർവേഷ് സിംഗിന്റെ മരണം ബിജെപിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഭിപ്രായപ്പെട്ടു.