പൗരത്വ നിയമം: കോൺഗ്രസിനെതിരേ മുഖ്യമന്ത്രി പച്ചക്കള്ളം പ്രചരിപ്പിക്കുന്നു
Sunday, April 21, 2024 12:21 PM IST
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന പച്ചക്കള്ളം മുഖ്യമന്ത്രി പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രി പൗരത്വ നിയമവും രാഹുൽ ഗാന്ധി വിമർശനവുമായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോൺഗ്രസ് ശക്തമായ നിലപാടാണ് എല്ലാക്കാലവും സ്വീകരിച്ചിരിക്കുന്നത്. പാർലമെന്റിൽ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്.
രാഹുൽ അടക്കമുള്ള നേതാക്കൾ നിയമ ഭേദഗതിക്കെതിരേ സംസാരിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും ഇത് സംബന്ധിച്ച പത്ര റിപ്പോർട്ടുകളും മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ചു കൊടുത്തതാണ്. എന്നിട്ടും പച്ചക്കള്ളം അദ്ദേഹം പ്രചരിപ്പിക്കുകയാണ്.
സാമൂഹ്യസുരക്ഷാ പെൻഷൻ മുടക്കം, സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം, സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഇല്ലാത്തത് തുടങ്ങി സാധാരണ ജനം ഇടത് ഭരണത്തിൽ നേരിടുന്ന പ്രതിസന്ധികൾ മറച്ചുപിടിക്കാനാണ് പിണറായി ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. മരുന്ന് കമ്പനികൾക്ക് കോടികളാണ് സർക്കാർ കുടിശികയായി നൽകാനുള്ളത്. കേരളം ജപ്തി ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
വിമർശനം ഉന്നയിക്കുന്ന എല്ലാവരുടെയും സമനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞു നടക്കുന്നത്. മുൻപും പിണറായി ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. മറ്റ് എല്ലാവരുടെയും സമനില തെറ്റിയെന്ന് പറഞ്ഞു നടക്കുന്നത് തന്നെ ഒരു അസുഖമല്ലേ എന്നും മുഖ്യമന്ത്രിയുടെ മനോനില പരിശോധിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.