പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും: കെ.കെ.ശൈലജ
Sunday, April 21, 2024 3:27 PM IST
കണ്ണൂര്‍: സൈബര്‍ ആക്രമണത്തിനെതിരെ മുമ്പ് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതെന്ന് വടകരയിലെ ഇടത് സ്ഥാനാര്‍ഥി കെ.കെ.ശൈലജ. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കുക്കുമെന്നും ശൈലജ പ്രതികരിച്ചു.
താന്‍ തനിക്കെതിരേ ഇത്രയും വൃത്തികെട്ട ഒരു ആരോപണം സൃഷ്ടിക്കുമോ എന്ന് ശൈലജ ചോദിച്ചു. തന്റെ പ്രവര്‍ത്തനം കണ്ടറിഞ്ഞ ജനങ്ങള്‍ തന്നെ ജയിപ്പിക്കും. ഇത്തരത്തിലുള്ള വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യമില്ല.
സൈബര്‍ ഇടത്തില്‍ തനിക്കെതിരേ ഉണ്ടായത് അധാര്‍മിക നീക്കമാണ്. തന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്തു.
ഷാഫി നിയമനടപടി സ്വീകരിച്ചോട്ടെ. ഷാഫിയുടെ കൈയില്‍ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ അതിനെ നേരിടേണ്ടി വരികയുള്ളു. താന്‍ നിയമനടപടി സ്വീകരിക്കുന്നതുകൊണ്ട് അവരും അത് ചെയ്യുന്നു എന്നേ ഉള്ളൂവെന്നും ശൈലജ പറഞ്ഞു.
വടകരയിലെ സോഷ്യല്‍ മീഡിയ ഇംപാക്ട് യുഡിഎഫിന് ബൂമറാങ്ങായി വരും. തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ജനത്തിന് പ്രതിഷേധമുണ്ട്. തന്റെ പാര്‍ട്ടിയില്‍ അല്ലാത്ത ആളുകള്‍ പോലും തന്നെ വിളിച്ചിരുന്നെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.