പി.വി.അന്‍വര്‍ അപമാനിച്ചത് രാജീവ് ഗാന്ധിയെ, മുഖ്യമന്ത്രി മറുപടി പറയണം: വേണുഗോപാല്‍
Tuesday, April 23, 2024 10:30 AM IST
ആലപ്പുഴ: രാഹുല്‍ ഗാന്ധിക്കെതിരായ പി.വി.അന്‍വര്‍ എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. അന്‍വര്‍ അപമാനിച്ചത് രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണെന്ന് വേണുഗോപാല്‍ പ്രതികരിച്ചു.
സിപിഎം എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണ്. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശം ഗാന്ധി കുടുംബത്തെ അപമാനിക്കുന്നതാണ്.
മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങി വച്ച രാഹുല്‍ അധിക്ഷേപത്തിന്റെ ഫലമാണിത്. സംഭവത്തില്‍ മുഖ്യമന്ത്രി കേരള സമൂഹത്തോട് സമാധാനം പറയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഗാന്ധി എന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത ഒരു നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നായിരുന്നു പി.വി.അന്‍വറിന്റെ പരാമര്‍ശം. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താന്‍. നെഹ്റുവിന്റെ കൊച്ചുമകന് ആകാനുള്ള യാതോരു യോഗ്യതയും രാഹുലിനില്ലെന്നും അൻവർ പറഞ്ഞിരുന്നു.