നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
Tuesday, April 23, 2024 9:32 PM IST
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്ട് കാണാൻ അമ്മ പ്രേമകുമാരിയും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും സനയിലെത്തി. നാളെ ജയിലിൽ എത്തി നിമിഷ പ്രിയയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം.
നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താൻ എല്ലാ തയാറെടുപ്പുകളും നടത്തിയെന്നും യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുന്നിൽ നിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുവരും അറിയിച്ചു.
നിമിഷ പ്രിയയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മോചനത്തിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ശ്രമം.
കഴിഞ്ഞ ദിവസമാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യെമനിൽ എത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകളും ഉടൻ നടത്തും.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ അനുമതി ലഭിച്ചാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകും.