ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
Wednesday, April 24, 2024 4:01 PM IST
തിരുവനന്തപുരം: രണ്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനമണിക്കൂറിലേക്കു കടന്നു. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് 26ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിനുള്ള സമയം വൈകുന്നേരം ആറോടെ അവസാനിക്കും.
വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ട്. എല്ലാവാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ മണ്ഡലത്തിൽ തുടരാൻ അനുവദിക്കില്ല. ലൈസൻസുള്ള ആയുധങ്ങൾ കൊണ്ടുനടക്കുന്നതിനുള്ള നിരോധനം ഫലം പ്രഖ്യാപിക്കുന്നതുവരെ തുടരും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശാനുസരണം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നിശ്ചയിച്ച് നൽകിയിട്ടുള്ള സ്ഥലങ്ങളിലാണ് കൊട്ടിക്കലാശം നടത്തുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളും അണികളും മേൽക്കൈ നേടാനായി കൊട്ടിക്കലാശത്തെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. വിവിധ വാദ്യമേളങ്ങളുടെ അകന്പടിയോടെ ബലൂണ്‍ ആകാശത്തേക്ക് പറത്തിയുള്ള പ്രചാരണങ്ങളുമുണ്ടാകും.
വേനൽചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പുചൂടാണ് വിവിധ മണ്ഡലങ്ങളിൽ കാണുന്നത്. കൊട്ടിക്കലാശത്തിനു കർശന ഉപാധികളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്. സ്ഥാനാർഥികളെ വ്യക്തിപരമായി തേജോവധം ചെയ്യാനോ വിദ്വേഷപ്രചരണം നടത്താനോ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. മുൻകുട്ടി തീരുമാനിച്ച് രാഷ്്ട്രീയ പാർട്ടികൾക്ക് അനുവദിച്ചിട്ടുള്ള ജംഗ്ഷനുകളിലാണ് കൊട്ടിക്കലാശം നടത്തുന്നത്.
ഗതാഗത തടസം സൃഷ്ടിക്കാതെയും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കാത്ത വിധത്തിലുമായിരിക്കണം കൊട്ടിക്കലാശത്തിന് വാഹനങ്ങൾ ഓടിക്കേണ്ടതെന്ന് അധികൃതർ നിർദേശം കൊടുത്തിട്ടുണ്ട്. ഈ മാസം 26ന് ആണ് കേരളം വിധിയെഴുതുന്നത്.