മൂന്നാംഘട്ട വോട്ടിംഗ് ആരംഭിച്ചു
Tuesday, May 7, 2024 7:24 AM IST
അഹമ്മദാബാദ്/ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ പതിനൊന്നു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റുകളിലും വിജയിച്ച ഗുജറാത്തിനു പുറമേ കർണാടക, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 93 മണ്ഡലങ്ങളിലും വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
120 വനിതകളുൾപ്പെടെ 1,300ലേറെ സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി അമിത് ഷാ (ഗാന്ധിനഗർ), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), മൻസുഖ് മാണ്ഡവ്യ (പോർബന്തർ), പുരുഷോത്തം രൂപാല (രാജ്കോട്ട്), പ്രഹ്ളാദ് ജോഷി (ധാർവാഡ്), എസ്.പി. സിംഗ് ബാഗേൽ (ആഗ്ര) തുടങ്ങിയവരാണു പ്രമുഖ സ്ഥാനാർഥികൾ.
സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചതോടെ ഗുജറാത്തിലെ 25 മണ്ഡലങ്ങളിൽ മാത്രമായി വോട്ടെടുപ്പ് ചുരുങ്ങി. മഹാരാഷ്ട്ര (11 ), യുപി (10) എന്നതിനു പുറമേ കർണാടകയിലെ 28 സീറ്റുകളിൽ അവശേഷിച്ച 14 എണ്ണത്തിലും ഇന്നാണു ജനവിധി. ഛത്തിസ്ഗഡ് (7), ബിഹാർ (5), ആസാം, പശ്ചിമബംഗാൾ (4 വീതം), മധ്യപ്രദേശ് (9) കേന്ദ്ര ഭരണപ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവയിലും വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ജമ്മു കാഷ്മീരിലെ അനന്ത്നാഗ്-രജൗരി സീറ്റുകളിൽ ഇന്നു നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളെത്തുടർന്ന് 26ലേക്കു മാറ്റി.
93 മണ്ഡലങ്ങളിലായി ഏകദേശം 11 കോടി വോട്ടർമാരാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നലെ രാത്രി ഗുജറാത്തിലെത്തി. ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട ഇരുവരും അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തും.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ (വിദിഷ), ദിഗ്വിജയ് സിംഗ് (രാജ്ഗഡ്) എന്നിവരും ഇത്തവണ ലോക്സഭയിലേക്കുള്ള പോരാട്ടത്തിലാണ്. മഹാരാഷ്ട്രയിലെ ബാരാമതിയിൽ പവാർ കുടുംബത്തിലെ പോരും തെരഞ്ഞെടുപ്പുവേദിയിലേക്ക് വളർന്നിരിക്കുകയാണ്.
എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും പവാറിന്റെ അനന്തരവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും തമ്മിലാണ് മത്സരം.