"ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേൽ ഒറ്റയ്ക്ക് നിൽക്കും': ബൈഡന് നെതന്യാഹുവിന്റെ മറുപടി
Friday, May 10, 2024 5:34 AM IST
ജറുസലേം: വേണ്ടിവന്നാൽ ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേൽ "ഒറ്റയ്ക്ക് നിൽക്കുമെന്ന്' പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റാഫയിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിനുള്ള ആയുധ കൈമാറ്റം നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഏക ജൂത രാഷ്ട്രമായ ഇസ്രായേലിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ, ഈ ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിൽ, ഇസ്രായേൽ ഒറ്റയ്ക്ക് നിൽക്കാൻ നിർബന്ധിതരായാൽ, ഇസ്രായേൽ ഒറ്റയ്ക്ക് നിൽക്കുമെന്ന് ഞാൻ ഇന്ന് ജറുസലേമിൽ നിന്ന് പ്രതിജ്ഞ ചെയ്യുന്നു.
എന്നാൽ ഞങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഞങ്ങൾക്കറിയാം, കാരണം ലോകമെമ്പാടുമുള്ള എണ്ണമറ്റ മാന്യരായ ആളുകൾ ഞങ്ങളുടെ ന്യായമായ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു. ഞങ്ങളെ വംശഹത്യ ചെയ്യുന്ന ശത്രുക്കളെ ഞങ്ങൾ പരാജയപ്പെടുത്തുമെന്ന് ഞാൻ നിങ്ങളോട് പറയുന്നു. നെതന്യാഹു വ്യാഴാഴ്ച പറഞ്ഞു.
80 വർഷം മുമ്പ് യഹൂദർക്ക് പ്രതിരോധമില്ലാതായിരുന്നപ്പോൾ ഒരു രാജ്യവും അവരുടെ സഹായത്തിനെത്തിയില്ല. ഇന്ന്, നമ്മുടെ നാശത്തിന് ശ്രമിക്കുന്ന ശത്രുക്കളെ നാം വീണ്ടും നേരിടുന്നു. ലോക നേതാക്കളോട് ഞാൻ പറയുന്നു, എത്ര സമ്മർദ്ദം ചെലുത്തിയാലും ഒരു അന്താരാഷ്ട്ര ഫോറത്തിന്റെ തീരുമാനത്തിനും ഇസ്രായേലിനെ പ്രതിരോധിക്കുന്നതിൽ നിന്ന് തടയാനാകില്ല. അദ്ദേഹം പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുൻപും അഡോൾഫ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമൻ നാസികൾ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകൾക്ക് പൊതുവായി പറയുന്ന പേരാണ് ഹോളോകോസ്റ്റ്. ഏതാണ്ട് അറുപതു ലക്ഷത്തോളം ജൂതന്മാർ ഇക്കാലത്ത് വധിക്കപ്പെട്ടു. ഇരകളിൽ 15 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു.