കൊതുകുവളർത്തൽ കേന്ദ്രങ്ങൾ; ആക്രി കടകൾക്കെതിരേ ആരോഗ്യവകുപ്പ്
Friday, May 17, 2024 3:25 PM IST
കോട്ടയം: പകർച്ചവ്യാധി ഭീഷണി വ്യാപകമായതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പരിശോധനകൾ കർശനമാക്കി. പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ആക്രിക്കടകൾ പ്രവർത്തിക്കുന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. ഇതേതുടർന്ന് നിരവധി കടകൾക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി.
ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമാക്കിയുള്ള പരിശോധനയിലാണു വന്‍തോതില്‍ കൊതുകു വളര്‍ച്ചക്ക് ഇടയാക്കുന്ന തരത്തില്‍ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ക്കു വെല്ലുവിളിയായുള്ള ആക്രിക്കടകളുടെ പ്രവര്‍ത്തനം കണ്ടെത്തിയത്.
ഒഴിവുള്ള സ്ഥലങ്ങള്‍ കുറഞ്ഞ വാടകയ്ക്കെടുത്ത് ആക്രി സാധനങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചുകൂട്ടി ഏതെങ്കിലും സമയത്ത് ലോഡ് കയറ്റിയയക്കുന്ന രീതിയാണ് ഇത്തരം സ്ഥാപനങ്ങൾക്കുള്ളത്. മേല്‍ക്കൂരയില്ലാത്ത തുറന്ന സ്ഥലത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് ടയര്‍ അടക്കമുള്ള ആക്രി സാധനങ്ങളില്‍ മഴയെത്തുന്നതോടെ വെള്ളം കെട്ടിനിന്നു കൊതുക് പെരുകാൻ ഇടയാക്കുന്നുണ്ട്.
ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് അധികൃതർ നോട്ടീസ് നൽകിയത്. നോട്ടീസ് കാലാവധിക്കുള്ളില്‍ നിര്‍ദേശിച്ച സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്ഥല ഉടമകള്‍ക്ക് പിഴ ചുമത്തി, സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
മഴക്കാലരോഗ നിയന്ത്രണം, മാലിന്യനിര്‍മാര്‍ജനം എന്നിവ ലക്ഷ്യമാക്കി പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് നല്കുന്ന നിര്‍ദേശങ്ങളോട് ജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.