തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Monday, May 20, 2024 11:13 PM IST
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സ്മാർട്ട് റോഡുകളുടെ നിർമാണം അനന്തമായി നീളുന്നതു കാരണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെട്ടിരിക്കുകയാണ്.
ഇതിനെക്കുറിച്ച് നഗരസഭാ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ആക്ടിംഗ് ചെയർപഴ്സണും ജുഡീഷൽ അംഗവുമായ കെ.ബൈജുനാഥാണു നഗരസഭാ സെക്രട്ടറിക്കു നിർദേശം നൽകിയത്.
കേസ് ജൂണിൽ പരിഗണിക്കും. 273 കോടി രൂപ മുടക്കി നഗരത്തിലെ 80 റോഡുകളാണു സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി പല റോഡുകളും കുത്തിപ്പൊളിച്ച് ഇട്ടിരിക്കുകയാണ്.
മഴ തുടങ്ങിയതോടെ റോഡ് നിർമാണം നിലച്ചു. ഇതോടെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടത്.