കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി: മേയറുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
Tuesday, May 21, 2024 9:34 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്നു രേഖപ്പെടുത്തും. വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി.
ആദ്യം കന്റോണ്‍മെന്റ് പോലീസ് അന്വേഷിച്ച കേസ് മ്യൂസിയം പോലീസിന് കൈമാറിയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം കെഎസ്ആര്‍ടിസി ബസിന് കുറുകെ കാർ ഇട്ട് തടഞ്ഞ സംഭവത്തിന് പിന്നാലെയാണ് വാക്കേറ്റമുണ്ടാകുന്നത്. മേയറും സംഘവും കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കേറ്റവും നടത്തി. ഡ്രൈവിംഗുമായി ബന്ധപ്പെട്ട തർക്കമാണ് വഴക്കിലേക്ക് എത്തിയത്. ഇതിനിടെ, ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയെന്നടക്കം മേയർ പരാതിപ്പെട്ടിരുന്നു.
പിന്നാലെ അന്ന് രാത്രി തന്നെ മേയർ നൽകിയ പരാതിയിൽ ഡ്രൈവർ യദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. അതിനിടെ യദു കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായൊന്നും ഉണ്ടായിട്ടില്ല. പിന്നാലെ ഡ്രൈവർ കോടതിയെ സമീപിച്ചു.