മുല്ലൂര്‍ ശാന്തകുമാരി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷ
Wednesday, May 22, 2024 11:45 AM IST
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകന് ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീന് എന്നിവര്‍ക്കാണ് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലപാതകം, ഗൂഢാലോചന, കവര്‍ച്ച, തെളിവു നശിപ്പിക്കല്‍ എന്നീ എല്ലാ വകുപ്പകളും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനായി.
2022 ജനുവരി 14-നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി(71) കൊല്ലപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്.
വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് പ്രതികള്‍ ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വര്‍ണം കവര്‍ന്ന ശേഷം മൃതദേഹം മച്ചില്‍ ഒളിപ്പിച്ച പ്രതികള്‍ കടന്നുകളയുകയായിരുന്നു. രാത്രിയില്‍ വീട്ടുടമസ്ഥരാണ് ശാന്താകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികള്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു.