പുലി ചത്തതിനു കർഷകനെതിരേ കേസ്; പ്രതിഷേധ സമരം ഇന്ന്
Tuesday, May 28, 2024 7:51 AM IST
പാലക്കാട്: നെന്മേനി വാഴപ്പുഴയിൽ കമ്പിവേലിയിൽ കുരുങ്ങിയ പുലി ചത്ത സംഭവത്തിൽ സ്ഥലമുടമയ്ക്കെതിരേ കേസെടുത്തതിനെതിരേ കർഷക പ്രതിഷേധ സമരം ഇന്ന്.
തോട്ടമുടമകളായ കര്‍ഷകര്‍ക്കെതിരേ കേസെടുക്കാനുള്ള വനംവകുപ്പിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കര്‍ഷക സംരക്ഷണസമിതി ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾ നാട്ടിലെത്തി ചത്താൽ ശിക്ഷ മനുഷ്യനാണോയെന്നാണ് കർഷകരുടെ ചോദ്യം.
കര്‍ഷകരെ പ്രതിചേര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ കൊല്ലങ്കോട് വനം റേഞ്ച് ഓഫീസിലേക്കു സമിതി മാര്‍ച്ച് നടത്തുമെന്ന് രക്ഷാധികാരി ചിദംബരൻകുട്ടി, പ്രസിഡന്റ് വിജയൻ എന്നിവർ അറിയിച്ചു. രാവിലെ പത്തിന് പയിലൂർ മൊക്കിൽനിന്നും കൈയിൽ വിലങ്ങു ധരിച്ച് പ്രതീകാത്മക സമരം ആരംഭിക്കും.
മാസങ്ങളായി വാഴപ്പുഴ മേഖലയിൽ ആശങ്ക വിതച്ച പുലിയാണ് തെങ്ങിൻതോപ്പിലെ കമ്പിവേലിയിൽ കുരുങ്ങിയത്. വനംവകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെയാണ് പുലി ചത്തത്.
തുടർന്നു സ്ഥലമുടമയ്ക്കെതിരേ വനംവകുപ്പ് കേസെടുക്കുകയായിരുന്നു. അനുമതിയില്ലാതെ പന്നിക്കെണി വച്ചുവെന്നാണ് വനംവകുപ്പ് ആരോപിക്കുന്നത്.