ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ജാമ്യംതേടി കേജരിവാള്‍ വിചാരണക്കോടതിയില്‍
Thursday, May 30, 2024 2:32 PM IST
ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വിചാരണക്കോടതിയില്‍. ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചേക്കും. നേരത്തെ, ഇടക്കാല ജാമ്യം ഏഴുദിവസത്തേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് കേജരിവാള്‍ സുപ്രീം കോടതിയെ സമപിച്ചിരുന്നുവെങ്കിലും അപേക്ഷ പരിഗണിച്ചിരുന്നില്ല.
അറസ്റ്റിനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി രജിസ്ട്രാര്‍ അറിയിക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ സമയംനീട്ടി നല്‍കണമെന്നായിരുന്നു കേജരിവാളിന്റെ ആവശ്യം.
എന്നാല്‍ സ്ഥിര ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഈ ഹര്‍ജി നിലനിര്‍ത്താനാകില്ലെന്നും രജിസ്ട്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കേജരിവാള്‍ ജാമ്യംതേടി കീഴ്കോടതിയെ സമീപിച്ചത്.
മദ്യനയക്കേസില്‍ ആകെ 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രീം കോടതി കേജരിവാളിന് അനുവദിച്ചത്. ഏഴാംഘട്ട പോളിംഗ് അവസാനിക്കുന്ന ജൂണ്‍ ഒന്നുവരെയാണത്. ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് സുപ്രീം കോടതി കേജരിവാളിന് ജാമ്യം നല്‍കിയത്.