ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് അജ്ഞാതന്റെ വെടിയേറ്റു
Thursday, May 30, 2024 5:33 PM IST
ലണ്ടൻ: ലണ്ടനിലെ ഹാക്ക്നിയിൽ മലയാളി പെൺകുട്ടിക്ക് അജ്ഞാതന്റെ വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് അജീഷ്-വിനയ ദമ്പതികളുടെ മകൾ ലിസ മരിയയ്ക്കാണ് വെടിയേറ്റത്.
വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ ലിസ തീവ്രപരിചരണവിഭാഗത്തിലാണ്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിംഗ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റന്റിന് സമീപം ബൈക്കിൽ എത്തിയ ഒരാളാണ് വെടിയുതിർത്തത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ലിസയ്ക്ക് വെടിയേറ്റത്.
സംഭവ സ്ഥലത്ത് ഉടനടി പോലീസെത്തി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. വെടിയേറ്റ മറ്റ് നാല് പേരെയും കിഴക്കൻ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവരുടെ ആരോഗ്യ വിവരങ്ങൾ ലഭ്യമായിട്ടില്ല.