രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയും; ദുഖമുണ്ടെന്ന് കെ. സുധാകരൻ
Wednesday, June 12, 2024 4:56 PM IST
കല്‍പ്പറ്റ: രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്ന് സുധാകരൻ പറഞ്ഞു.
കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഖം ഉണ്ടാക്കുന്നുവെന്നും കെ. സുധാകരൻ വ്യക്തമാക്കി.
പ്രതിസന്ധിഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് വയനാട്ടുകാർ. വയനാടുമായുള്ള തന്റെ ബന്ധം തെരെഞ്ഞെടുപ്പിന് അതീതമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
എന്നാൽ രാഹുൽ വയനാട് വിടുന്ന സാഹചര്യത്തിൽ പ്രിയങ്ക മണ്ഡലം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ ഫ്ലക്സ് ഉയർന്നിട്ടുണ്ട്. വയനാട് യുഡിഎഫ് എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.
തെരഞ്ഞെടുപ്പ് വിജയത്തിൽ വോട്ടർമാരോട് നന്ദി അറിയിക്കാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തിയിരുന്നു. എന്റെ ദൈവം വയനാട്ടിലെ ജനങ്ങളാണെന്ന് വയനാട്ടിൽ എത്തിയ രാഹുൽ പ്രതികരിച്ചിരുന്നു.
എത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.