കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ 11 മലയാളികൾ
Wednesday, June 12, 2024 5:42 PM IST
ന്യൂഡൽഹി: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 11 മലയാളികളും. മലയാളികൾ ഉൾപ്പെടെ 21 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്.
കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ(33), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കാസർഗോഡ് കുണ്ടടുക്കം സ്വദേശി രഞ്ജിത് എന്നിവരെ തിരിച്ചറിഞ്ഞു.
മരിച്ച ഇന്ത്യാക്കാരുടെ പേരു വിവരങ്ങൾ: ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് , ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫിൻ ഏബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, പി.വി.മുരളീധരൻ,വിശ്വാസ് കൃഷ്ണൻ,അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.
മറ്റുള്ളവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാന്പിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അധികൃതർ പറഞ്ഞു.