കുവൈത്തിലെ തീപിടിത്തം: മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു
അബ്ദുള്ള നാലുപുരയിൽ
Wednesday, June 12, 2024 9:05 PM IST
കുവൈത്ത് സിറ്റി: കുവൈത്തില് മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു. മരിച്ചവരുടെ പേരും നാടും അടക്കമുള്ള വിവരങ്ങൾ പൂർണമായി ഇനിയും പുറത്തു വിട്ടിട്ടില്ല.
ഫോറൻസിക് പരിശോധനയടക്കമുള്ള നടപടിക്രമങ്ങളെല്ലാം പൂർണമായ ശേഷമേ വിശദമായ വിവരങ്ങൾ പുറത്ത് വിടൂ എന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. മന്ത്രാലയം പേരു വിവരങ്ങൾ പുറത്ത് വിടുന്നത് വരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അധികൃതകർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മരിച്ചവരിൽ കുറച്ചു പേർ പൊള്ളലേറ്റും ഭൂരിഭാഗം പേരും മുറികൾക്കുള്ളിൽ കുടുങ്ങി ശ്വാസം മുട്ടിയുമാണ് മരിച്ചത്. പ്രാദേശിക സമയം പുലർച്ചെ നാലിനായിരുന്നു അപകടം. ഈ സമയം പലരും ഉറക്കത്തിലായിരുന്നതാണ് മരണ സംഖ്യ കൂടാനിടയായത്.
മരിച്ചവരിൽ 11 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇതു വരെയുള്ള വിവരം. ഇന്ത്യക്കാരാണ് ഈ കെട്ടിടത്തിൽ താമസിക്കുന്നവരിൽ അധികവും. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയാകയാൽ ജോലിക്കാരിൽ നല്ലൊരു ശതമാനം മലയാളികളാണ്.
45 മൃതദേഹങ്ങൾ ദജീജ് മോർച്ചറിയിലും നാല് മൃതദേഹങ്ങൾ അദാൻ ഹോസ്പിറ്റലിലും സൂക്ഷിച്ചിരിക്കുകയാണിപ്പോൾ.
അദാൻ ഹോസ്പിറ്റലിൽ 21 പേരും മുബാറക് ഹോസ്പിറ്റലിൽ 11 പേരും ഫർവാനിയ ഹോസ്പിറ്റലിൽ ആറ് പേരും ചികിത്സയിലുണ്ട്. ജഹ്റ ഹോസ്പ്പിറ്റലിൽ ആറും ജാബിർ ഹോസ്പ്പിറ്റലിൽ നാലും അമീരി ഹോസ്പ്പിറ്റലിൽ ഒരാളും നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈക അടക്കമുള്ള എംബസി അധികൃതർ അപകടസ്ഥലത്തും ആശുപത്രികളിലും എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
കുവൈറ്റ് ആഭ്യന്തമന്ത്രിയും സ്ഥലത്തെത്തി. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യാൻ ആഭ്യന്തരമന്ത്രി സംഭവസ്ഥലത്തുവച്ച് തന്നെ പരസ്യമായി ഉത്തരവ് പുറപ്പെടുവിച്ചു.
അതിനിടെ, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി അധികൃതർ രംഗത്തെത്തി. കെട്ടിട നിയമങ്ങൾ പാലിക്കാത്ത മുഴുവൻ കെട്ടിടങ്ങളിൽ നിന്നും യുദ്ധ കാലാടിസ്ഥാനത്തിൽ താമസക്കാരെ ഒഴിപ്പിക്കാനാണ് അധികൃതർ ഉത്തരവിട്ടിരിക്കുന്നത്.