പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര് കുഴഞ്ഞുവീണ് മരിച്ചു
Saturday, June 15, 2024 10:48 AM IST
കണ്ണൂർ: സംശാസ്പദമായ നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ ഏൽപിച്ച ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചിറക്കൽ അരയമ്പേത്ത് കടിയത്ത് ഹൗസിൽ സൂരജ്(47) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയിൽ കണ്ണൂർ ടൗൺ സ്റ്റേഷനിൽ വച്ചാണ് ഇയാൾ കുഴഞ്ഞുവീണത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
രാത്രിയോടെയാണ് സൂരജിനെ ഇടച്ചേരിയിൽ നിന്ന് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇടച്ചേരിയിലേക്ക് യാത്രക്കാരനുമായി വന്ന് തിരിച്ചു പോവുകയായിരുന്ന സൂരജിനെ സംശയത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സംഭവ സ്ഥലത്തെത്തി പത്തരയോടെ സ്റ്റേഷനിലെത്തിച്ച ഡ്രൈവർ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അരമണിക്കൂറിനകമാണ് സ്റ്റേഷനിൽ കുഴഞ്ഞു വീണത്. ആശുപത്രിയിൽ കൊണ്ടുപോവുന്നതിനിടെ വഴിമധ്യേയാണ് മരണം സംഭവിച്ചത്.
ഇത്തരം കേസുകളിൽ വൈദ്യപരിശോധനക്ക് ശേഷം മാത്രമേ സ്റ്റേഷനിൽ എത്തിക്കാവൂ എന്ന നടപടിക്രമം പാലിക്കാതെയാണ് പോലീസ് സൂരജിനെ സ്റ്റേഷനിൽ എത്തിച്ചത്. അര മണിക്കൂറോളം പോലീസ് കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് തവണ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള ആളാണ് സൂരജ്. തുടർചികിത്സ നടത്തുന്നുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
പരിയാരം മെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സൂരജ് വീട്ടിൽ തിരിച്ചെത്തിയത്. അരയമ്പേത്ത് കടിയത്ത് ഹൗസിലെ ബാലകൃഷ്ണന്റെയും കാഞ്ചനയുടെയും മകനാണ്. സഹോദരങ്ങൾ: സുരഭ, സുനോജ.