മലബാറിലെ സീറ്റ് പ്രതിസന്ധി; കെഎസ്യു, എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം
Thursday, June 20, 2024 10:55 AM IST
മലപ്പുറം: മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്ത് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പിന്‍വശത്തെ ഗേറ്റിലൂടെ ഓഫീസിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകരില്‍ ചിലരെ പോലീസെത്തി ബലമായി കസ്റ്റഡിയിലെടുത്ത് നീക്കി.
ബാക്കിയുള്ള പ്രവര്‍ത്തകരെ കൂടി ഇവിടെനിന്ന് മാറ്റാനുള്ള ശ്രമം തുടരുകയാണ്. നേരത്തേ എംഎസ്എഫ് പ്രവര്‍ത്തകരും ഓഫീസില്‍ കടന്ന് പ്രതിഷേധിച്ചിരുന്നു. ആര്‍ഡിഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ അപേക്ഷ നല്കിയ 32,366 കുട്ടികള്‍ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇനി 44 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. ഈ സാഹചര്യത്തിലാണ് കെഎസ്യുവും എംഎസ്എഫും അടക്കമുള്ള സംഘടനകള്‍ പ്രതിഷേധം തുടരുന്നത്.