തമിഴ്നാട്ടിൽ ബസ് പിടിച്ചാൽ ഇവിടെ നമ്മളും പിടിക്കും: ഗണേഷ്കുമാർ
Thursday, June 27, 2024 10:26 PM IST
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തമിഴ്നാട്ടിൽ പിടിച്ചാൽ തമിഴ്നാട് ബസുകൾ കേരളത്തിലും പിടിക്കുമെന്നു ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ. തമിഴ്നാട് വഴി കടന്നു പോകുന്ന കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകളിൽ നിന്നു നികുതിയായി കൂടുതൽ പണം തമിഴ്നാട് ഈടാക്കുന്ന കാര്യം ധനാഭ്യർഥന ചർച്ചയ്ക്കിടെ പല അംഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള മറുപടിയായണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
ഒരു രാജ്യം ഒരു നികുതി എന്നു കേന്ദ്രം പറയുന്പോഴാണ് തമിഴ്നാട്ടിൽ 4000 രൂപ പിടിക്കുന്നത്. യാതൊരു കൂടിയാലോചനയും കൂടാതെയാണ് അവരുടെ നടപടി. അങ്ങനെയെങ്കിൽ നമുക്കും പോരട്ടെ 4000 എന്നാണു നമ്മുടെ നിലപാട്.
ഇവിടെ നിന്നു പോകുന്നവരെ അവിടെ ഉപദ്രവിച്ചാൽ അവിടെ നിന്നു വരുന്നവരെ ഇവിടെയും ഉപദ്രവിക്കും. ശബരിമല സീസണ് വരാൻ പോകുകയാണെന്നോർക്കണം. തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കാണ് കൂടുതൽ ബസുകൾ വരുന്നത്. നമ്മൾ ഖജനാവ് നിറയ്ക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു.