എക്സ്പ്രസ് വേയിൽ കാറുകൾ കൂട്ടിയിടിച്ചു; തെറിച്ചുവീണു യാത്രികർ, ആറു മരണം
Saturday, June 29, 2024 10:47 AM IST
മുംബൈ: മുംബൈ-നാഗ്പൂർ എക്സ്പ്രസ്വേയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. മുംബൈയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ ജൽന ജില്ലയിലെ കഡ്വാഞ്ചി ഗ്രാമത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടം.
സ്വിഫ്റ്റ് ഡിസയർ കാർ ഇന്ധനം നിറച്ച ശേഷം സമൃദ്ധി ഹൈവേയിലേക്ക് തെറ്റായ ദിശയിൽ പ്രവേശിക്കവേ നാഗ്പുരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എർട്ടിഗയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ എർട്ടിഗ കാർ തെറിച്ചുയർന്ന് ഹൈവേയുടെ ബാരിക്കേഡിലേക്ക് പതിച്ചു. യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. അതേസമയം, സ്വിഫ്റ്റ് കാർ പൂർണമായും തകർന്നു. ആറുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ സമൃദ്ധി ഹൈവേ പോലീസും ജൽന പോലീസും സംഭവസ്ഥലത്ത് എത്തി. പരിക്കേറ്റവരെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിലെ 701 കിലോമീറ്റർ നീളമുള്ള എക്സ്പ്രസ് വേയായ സമൃദ്ധി മഹാമാർഗ്, സംസ്ഥാനത്തെ രണ്ട് പ്രധാന നഗരങ്ങളായ മുംബൈയെയും നാഗ്പുരിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാതയാണ്.