മേയര്‍ ആര്യാ രാജേന്ദ്രനെ തിരുത്താന്‍ സിപിഎം
Monday, July 1, 2024 10:36 PM IST
തിരുവനന്തപുരം: ഭരണത്തിലെ വീഴ്ചകള്‍ തിരുത്താന്‍ തിരുവനന്തപുരം കോർപറേഷൻ മേയര്‍ ആര്യ രാജേന്ദ്രന് സിപിഎം ജില്ലാനേതൃത്വം നിര്‍ദേശം നല്‍കും. ഭരണവീഴ്ചകള്‍ അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയിൽ മേയര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മേയർ സ്ഥാനത്തു നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. മേയറെ മാറ്റിയില്ലെങ്കിൽ നഗരസഭാ ഭരണം നഷ്ടമാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ ആശങ്ക ഉയർന്നിരുന്നു.
കോര്പറേഷൻ ഭരണവും ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടും മേയര്‍ ആര്യാ രാജേന്ദ്രന്റെ പെരുമാറ്റവും അതിനിശിത വിമര്‍ശനത്തിന് വിധേയമായി. കെഎസ്ആര്‍ടിസി മേയര്‍ വിവാദത്തിൽ ബസിലെ മെമ്മറി കാര്‍ഡ് കിട്ടാത്തത് ഭാഗ്യമായെന്ന് ജില്ലാ കമ്മിറ്റി അംഗം തുറന്നടിച്ചു.
മേയറും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയും പക്വതയില്ലാതെ പെരുമാറിയെന്നാണ് വിമർശനം. ആര്യയെ മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന വിലയിരുത്തൽ കൂടി ഉണ്ടായതിനെ തുടർന്നാണ് ഒരവസരം കൂടി നൽകുന്നത്.