അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനിടെ ബഹളം; ഭരണപക്ഷത്തിന് സ്പീക്കറുടെ ശകാരം
Friday, July 5, 2024 1:37 PM IST
തിരുവനന്തപുരം: നിയമസഭയിൽ ഭരണപക്ഷത്തെ ശകാരിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ ചർച്ച ആവശ്യപ്പെട്ടുള്ള നജീബ് കാന്തപുരത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനിടെ ബഹളം വച്ചതോടെയായിരുന്നു നടപടി.
അദ്ദേഹം അവതരിപ്പിക്കട്ടേ. ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെയാണ് ശരിയാവുക. ഒന്നും പറയാന്‍ പറ്റില്ലേ ഈ ഫ്ലോറിലെന്ന് സ്പീക്കർ ചോദിച്ചു. നജീബിന് കൂടുതല്‍ സമയം അനുവദിച്ചു എന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് സ്പീക്കര്‍ ശകാരവുമായി രംഗത്തു വന്നത്.
നജീബ് കാന്തപുരത്തിന് 16 മിനിറ്റ് നല്‍കിയെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഈ ഉദാരത മന്ത്രിമാരോടും കാണിക്കണമെന്നും എം.ബി.രാജേഷ് ആവശ്യപ്പെട്ടു. എന്നാൽ മന്ത്രി മനസിലാക്കിയത് തെറ്റാണെന്നും നജീബ് സംസാരിച്ചത് 10 മിനിറ്റാണെന്നും സ്പീക്കർ വ്യക്തമാക്കി.