വെനസ്വേലയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി കാനഡ; സെമിയില്‍ എതിരാളികള്‍ അര്‍ജന്റീന
Saturday, July 6, 2024 10:40 AM IST
ടെക്സസ്: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ വെനസ്വേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി (4-3) കാനഡ സെമിയില്‍. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കും സഡൻഡെത്തിലേക്കും നീണ്ടത്.
കോപ്പയില്‍ ആദ്യമായി മത്സരിക്കുന്ന കാനഡ കന്നി വരവില്‍ തന്നെ സെമി ഫൈനലിന് യോഗ്യത നേടി. ബുധനാഴ്ച പുലർച്ചെ 5.30ന് നടക്കുന്ന ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് കാനഡയുടെ എതിരാളികള്‍.
കളിയുടെ 13-ാം മിനിറ്റില്‍ തന്നെ ജേക്കബ് ഷഫെല്ബര്ഗിലൂടെ കാനഡയാണ് ആദ്യം മുന്നിലെത്തിയത്. 64-ാം മിനിറ്റില്‍ സോളമന് റോണ്ഡോണിലൂടെ വെനസ്വേല സമനില പിടിച്ചു. പിന്നീട് വിജയ ഗോളിനായി ഇരുകൂട്ടരും കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. ഇതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
പെനൽറ്റി ഷൂട്ടൗട്ടിൽ വെനസ്വേലയ്ക്കു വേണ്ടി സോളമൻ റോൺഡൻ, തോമസ് റിംഗൺ, ജോണ്ടർ കാർഡിസ് എന്നിവർ വലകുലുക്കിയപ്പോൾ യാംഗൽ ഹെരേര, ജെഫേഴ്സൺ സാവറിനോ എന്നിവർ കിക്ക് പാഴാക്കി.
അതേസമയം, കാനഡയ്ക്കുവേണ്ടി ജോനാഥൻ ഡേവിഡ്, മോയിസ് ബോംബിറ്റോ, അൽഫോൻസോ ഡേവിസ് എന്നിവർ ലക്ഷ്യംകണ്ടപ്പോൾ ലിയാം മില്ലർ, സ്റ്റീഫൻ എസ്താകിറ്റോ എന്നിവർക്കു പിഴച്ചു.
ഷൂട്ടൗട്ടിൽ ഇരു ടീമുകളും 3-3 എന്നനിലയിൽ സമനിലപാലിച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. ആദ്യം കിക്കെടുത്ത വെനസ്വേലയുടെ വിൽക്കർ ഏഞ്ചലിന് പിഴച്ചു. അടുത്ത കിക്കെടുത്ത ഇസ്മയിൽ കോനെ ലക്ഷ്യംകണ്ടതോടെ കാനഡ സെമിയിലേക്ക് കുതിച്ചു.