പിഎസ്സി അംഗത്വം സിപിഎം ലേലത്തില്‍ വയ്ക്കുന്നെന്ന് സതീശന്; ആരോപണം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി
Tuesday, July 9, 2024 12:36 PM IST
തിരുവനന്തപുരം: പിഎസ്സി നിയമന കോഴക്കേസ് നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷം. പിഎസ്സി അംഗത്വം സിപിഎം ലേലത്തില്‍ വയ്ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വിമര്‍ശിച്ചു.
പിഎസ്സിയെ സംശയത്തിന്റെ നിഴലിലാക്കി. പൊതുമരാമത്ത് മന്ത്രിയുടെ പേര് പറഞ്ഞ് കോഴ വാങ്ങുകയാണ്. കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും കേസെടുത്ത് അന്വേഷണം വേണമെന്നും സതീശന് പറഞ്ഞു.
എന്നാല്‍ ഇത് സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ അല്ലാതെ ക്രമക്കേട് ഉണ്ടായതായി ശ്രദ്ധയില്‍ വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. കേരള പിഎസ് സി രാജ്യത്തിന് തന്നെ അഭിമാനമാണ്.
അപകീര്‍ത്തികരമായ ആരോപണം നിര്‍ഭാഗ്യകരമാണ്. ഇന്ന് രാവിലെ 8: 21 ന് യൂത്ത് കോണ്‍ഗ്രസ് ഒരു പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പോലീസിന് ലഭിച്ച ഏക പരാതി ഇതാണ്. പ്രതിപക്ഷ നേതാവിന് സഭയില്‍ സബ്മിഷന് ഉന്നയിക്കാനാണോ ഇത്തരമൊരു പരാതി നല്‍കിയതെന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പരാതിയുടെ കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് സതീശന് മറുപടി പറഞ്ഞു. തട്ടിപ്പ് നടത്തുന്നത് ആരാണെങ്കിലും കടുത്ത നടപടി ഉണ്ടാകുമെന്നും ഏതന്വേഷണത്തിനും തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ വിട്ടു.