നിർമല സീതാരാമന്റെ ഡീപ് ഫേക് വീഡിയോ; പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു
Wednesday, July 10, 2024 1:02 AM IST
അഹമ്മദാബാദ്: ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ വ്യാജ വീഡിയോ പങ്കുവച്ച ഒരാൾക്കെതിരെ ഗുജാറാത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘവിയാണ് ഇക്കാര്യം അറിയിച്ചത്. നിർമല സീതാരാമൻ ജിഎസ്ടിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ചിരാഗ് പട്ടേൽ എന്നയാളാണ് വീഡിയോ എക്സിൽ പങ്കുവച്ചത്. ഇയാൾ അമേരിക്കയിലാണ്.
പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്ന വഞ്ചനാപരമായ പ്രവൃത്തി വെറുപ്പുളവാക്കുന്നതായി ഹർഷ് സംഘവി പറഞ്ഞു. ഇത്തരം കൃത്രിമ തന്ത്രങ്ങളിൽ നാം ഇരയാകാതിരിക്കുകയും നമ്മുടെ ഡിജിറ്റൽ ഇടങ്ങളിൽ സത്യത്തിനും ഉത്തരവാദിത്തത്തിനും മുൻഗണന നൽകുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.