സ്വവർഗ വിവാഹം: പുനഃപരിശോധനാ ഹർജികൾ ഇന്ന് പരിഗണിക്കും
Wednesday, July 10, 2024 10:10 AM IST
ന്യൂഡൽഹി: സ്വവർഗ വിവാഹം വിലക്കിയ ഭരണഘടനാബെഞ്ച് വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്നു പരിഗണിക്കും. സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തും സ്വവർഗാനുരാഗികളെ നിയമപരമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ഹിമ കോഹ്ലി, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ എന്നിവരുൾപ്പെടുന്ന അഞ്ചംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം, കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി ഇന്നലെ അംഗീകരിച്ചില്ല.
മുതിർന്ന അഭിഭാഷകരായ നീരജ് കിഷൻ കൗളും അഭിഷേക് സിംഗ്വിയുമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് മുന്പാകെ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ഹർജികൾ ചേംബറിൽ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കേസ് ഇന്ന് ഉച്ചയ്ക്ക് അഞ്ചംഗ ബെഞ്ച് ചേംബറിൽ പരിഗണിക്കും.
നേരത്തേ കേസ് പരിഗണിച്ച ബെഞ്ചിൽനിന്ന് ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ്. രവീന്ദ്ര ഭട്ട് എന്നിവർ വിരമിച്ചതോടെയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്നയെയും ബി.വി. നാഗരത്നയെയും ഉൾപ്പെടുത്തിയത്.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ വർഷം ഒക്ടോബർ 17നാണ് സ്വവർഗ പങ്കാളികൾക്ക് വിവാഹത്തിന് അവകാശമില്ലെന്നു വിധിച്ചത്.