സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉന്നയിച്ച് കെ.കെ.രമ; കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വീണ; സഭയിലെത്താതെ മുഖ്യമന്ത്രി
Wednesday, July 10, 2024 11:20 AM IST
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ച് വരുന്നതായി അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ.കെ.രമ പറഞ്ഞു.
ഇത്തരം അതിക്രമങ്ങളില്‍ പ്രതികളാകുന്നവര്‍ സിപിഎം പ്രവര്‍ത്തകരും ഇടത് അനുഭാവികളുമാണെന്ന് രമ വിമര്‍ശിച്ചു. പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയെ പോലീസ് സംരക്ഷിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പോലും പുറത്തുപോയി. ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയോ എന്നും രമ ചോദിച്ചു. കെസിഎ കോച്ചിന്റെ പീഡനം അടക്കമുള്ള വിഷയങ്ങളും രമ സഭയില്‍ ഉന്നയിച്ചു.
എന്നാല്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജിന്റെ മറുപടി. പൂച്ചാക്കല്‍ സംഭവത്തിലെ പ്രതിയെ സിപിഎം പിന്തുണയ്ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് താനടക്കമുള്ള വനിതാ നേതാക്കള്‍ക്കെതിരേ സൈബര്‍ ആക്രമണമുണ്ടായി. രമയുടെ പാര്‍ട്ടി നേതാവ് ഷൈലജ ടീച്ചറെക്കുറിച്ച് പറഞ്ഞത് നമ്മള് കണ്ടതല്ലേയെന്നും രമയുടെ വിമര്‍ശനത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
അതേസമയം ആഭ്യന്തര വകുപ്പിന്റെ ചുമതലുള്ള മുഖ്യമന്ത്രി നോട്ടീസിന് മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും പിണറായി വിജയന് ഇന്ന് സഭയില്‍ എത്തിയില്ല. സഭാ മന്ദിരത്തില്‍ തന്നെ ഉണ്ടായിട്ടും സഭാതലത്തില്‍ എത്താതെ ഒഴിഞ്ഞുമാറുകയായിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് മറുപടി പറയാന്‍ മന്ത്രി വീണാ ജോര്‍ജിനെ ചുമതലപ്പെടുത്തിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.