"കേരളത്തിന്റെ വികസന അധ്യായത്തിലെ പുതിയ ഏട്, രാജ്യത്തിന് അഭിമാനം': വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പിനെ വരവേറ്റ് മുഖ്യമന്ത്രി
Friday, July 12, 2024 12:24 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോയെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് സ്വീകരിച്ചു. കപ്പലിന്റെ ട്രയൽ റൺ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കപ്പൽ വ്യാഴാഴ്ച എത്തിയെങ്കിലും ഇന്നായിരുന്നു ഔദ്യോഗിക സ്വീകരണ ചടങ്ങ്.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ, മന്ത്രി ജി.ആർ. അനിൽ, വി. ശിവൻകുട്ടി, മന്ത്രി കെ. രാജന്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് കപ്പലിനെ സ്വീകരിച്ചത്.
ആദ്യ കപ്പലിലെ ക്യാപ്റ്റന്‍ മുഖ്യമന്ത്രി ഉപഹാരം നൽകി. കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ദീർഘകാലത്തെ സ്വപ്നം യാഥാർഥ്യമായി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇതിനു പിന്തുണ നല്കിയ എല്ലാവര്ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുറമുഖങ്ങള്‍ സാമ്പത്തിക വികസനത്തിന് ഏറ്റവും വലിയ ചാലക ശക്തിയാണ്. രാജ്യത്തിന് തന്നെ അഭിമാന മുഹൂര്‍ത്തമാണിത്. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളൂ. ലോകഭൂപടത്തില്‍ ഇന്ത്യ ഇതിലൂടെ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്നുമുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍ വലിയ വികസനത്തിനും സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം തുറമുഖം കാരണമാകും. അനുബന്ധ വ്യവസായങ്ങള്‍ക്ക് അനന്തമായ സാധ്യതയാണ് ഇവിടെയുള്ളത്. അവ ഉപയോഗിക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകാതിരിക്കാന്‍ അന്താരാഷ്ട്ര ലോബികള്‍ രംഗത്തുവന്നു. വിഴിഞ്ഞം ആ രീതിയില്‍ ഉയരുന്നത് പല വാണിജ്യ ലോബികള്‍ക്കും ഇഷ്ടമായിരുന്നില്ല. അവരും തുറമുഖത്തിനെതിരു നിന്നെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ അന്താരാഷ്ട്ര പ്രാധാന്യം വിഴിഞ്ഞം തുറമുഖത്തോടെ വർധിക്കും. അഴിമതിക്കോ ചൂഷണത്തിനോ ഉള്ള വഴിയായി വിഴിഞ്ഞം മാറരുതെന്ന് മാത്രമായിരുന്നു എൽഡിഎഫിന്. അതിന്റെ എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് തുറമുഖം സജ്ജമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2028ഓടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറും. 10000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിയൊരുക്കും. അതിന് വേണ്ടുന്ന കരാർ ഒപ്പിടാൻ പോവുകയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
ചൈനയിലെ ഷിയാമിൻ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലിൽ 2000ലധികം കണ്ടെയ്നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്നറുകൾ ബെർത്തിലേക്ക് ഇറക്കിക്കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ സാൻ ഫെർണാൻഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത.
രാഷ്ട്രീയ വിവാദങ്ങളുടെ തിരയിലേറിയാണ് കപ്പൽ തുറമുഖത്തടുക്കുന്നത്. പദ്ധതിയുടെ അവകാശികൾ തങ്ങളാണെന്ന് ഇരുമുന്നണികളും അവകാശവാദമുയർത്തുകയാണ്.
പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതും വിവാദമായിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി എന്ന് ഇടതു കേന്ദ്രങ്ങൾ പറയുന്പോൾ ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണമെന്നാണ് കോൺഗ്രസ് വാദം.